ഡിസംബർ മുപ്പതു കഴിഞ്ഞാൽ എന്തായി തീരുമെന്നോർത്ത് ഭയങ്കര ടെൻഷനാണ്…………Yuhanon RM

ഡിസംബർ മുപ്പതു കഴിഞ്ഞാൽ എന്തായി തീരുമെന്നോർത്ത് ഭയങ്കര ടെൻഷനാണ്. പഴയതുപോലെ ഇഷ്ടം പോലെ കാശ് എല്ലാവർക്കും ബാങ്കിൽ നിന്ന് കിട്ടുമെങ്കിൽ ഇന്ത്യ ക്യുവിൽ നിന്നത് വെറുതെയാകില്ലേ എന്നാണ് എന്റെ സംശയം. നോട്ട് കൊടുത്ത് മാത്രം നടത്താവുന്ന ക്വോട്ടേഷൻ, തട്ടിക്കൊണ്ടുപോകൽ , കൈക്കൂലി, വില കുറച്ച് ആധാരത്തിൽ കാണിച്ചുള്ള വസ്തു കച്ചവടം, സ്ത്രീധനം എന്നീ ഇടപാടുകൾ വീണ്ടും പുനഃരാരംഭിക്കില്ലേ. അപ്പോൾ കള്ളപ്പണം പിന്നെയും ഉണ്ടാവില്ലേ. പണമായി സൂക്ഷിച്ച കള്ളപ്പണത്തിലെ സിംഹഭാഗവും ഇപ്പോൾ തന്നേ പലവിധത്തിൽ കയറി ഇറങ്ങി പുതിയ നോട്ടാക്കി മാറ്റിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ പുതിയ രണ്ടായിരത്തിന്റെ നോട്ടുകൾ കെട്ടുകണക്കിന് രാജ്യത്തിന്റെ പലഭാഗത്ത് നിന്നായി പിടിച്ചെടുക്കുന്നത്. ബാങ്കുകളിൽ നിന്നും ഇഷ്ടം പോലെ കാശ് കിട്ടുമെങ്കിൽ ആരെങ്കിലും ക്യാഷ് ലെസ്സിലേക്കൊക്കെ പോകുമോ കാശുണ്ടെങ്കിൽ അതുമതിയെന്ന് കച്ചവടക്കാർ പറയില്ലേ?. ടാക്സ് കൊടുകാത്തിരിക്കാൻ.

പ്രധാന മന്ത്രി പറയുന്നതുപോലെ കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാണമെങ്കിൽ ചില കാര്യങ്ങൾ കൂടി തുടർ നടപടിയായി ഉണ്ടാവണം.
മെട്രോ, കോര്പറേഷൻ, മുനിസിപ്പൽ നഗര പരിധിക്കുള്ളിലെ എല്ലാ വ്യാപാര സ്ഥാപങ്ങളിലും സൈപ്പിംഗ് മെഷിൻ നിർബന്ധമാക്കണം. ചെറുകിട കച്ചവടക്കാർക്ക് ഈ വാലറ്റ് സൗകര്യമെങ്കിലും ഉണ്ടാവണം. പഞ്ചായത്ത് പരിധിക്കുള്ളിലെ ബാങ്കുകളിൽ നിന്നും ATM ഉം കളിൽ നിന്നും ആ ബ്രാഞ്ചുകളിൽ അക്കൗണ്ട് ഉള്ളവർക്ക് മാത്രം നഗര പ്രദേശങ്ങളെ അപേക്ഷിച്ച്കൂടുതൽ ക്യാഷ് പിൻവലിക്കാനുള്ള അനുമതി നൽകണം. കാരണം ഗ്രാമ പ്രദേശങ്ങളിൽ ഉള്ളവർക്ക് ക്യാഷ് ലെസ്സ് ട്രാന്സാക്ഷൻസ് ഉപയോഗിക്കാനുള്ള പരിമിതികളാണല്ലോ ഇതിനെ എതിർക്കുന്നവർ പ്രധാനമായി ചൂണ്ടിക്കാട്ടുന്നത്. ഇടപാടുകൾക്കും കൈവശം വയ്ക്കാവുന്ന കറൻസിക്കും പരിധി ഉണ്ടാവണം. കറൻസി കൂടുതൽ ആവശ്യമുള്ള വിവാഹം പോലുള്ള സന്ദർഭങ്ങളിൽ കാര്യ കാരണ സഹിതം മുൻകൂട്ടിയുള്ള അനുമതിയോടു കൂടി കൂടുതൽ പണം പിൻവലിക്കാനുള്ള അനുമതിയും നൽകണം. ഇന്റർനെറ്റ് സംവിധാനം യുദ്ധകാലാടിസ്ഥാനത്തിൽ രാജ്യത്ത് എല്ലായിടത്തും എത്തിക്കണം. സർക്കാർ ഓഫിസുകളിലും അടയ്‌ക്കേണ്ട ഫീസ് ഡിജിറ്റൽ പേയ്‌മെന്റ് വഴിമാത്രമാക്കണം. ദേശസാൽക്കരണ ബാങ്കുകൾ ഓൺലൈൻ ബാങ്കിങ്ങ് സേവനം നൽകുന്നതിൽ ഇപ്പോഴും തീരെ താല്പര്യം കാണിക്കാറില്ല അല്ലെങ്കിൽ മെല്ലെപ്പോക്കാണ്. അതവസാനിപ്പിക്കണം. എന്റെ ഒരു സഹപ്രവർത്തകന്റെ ഭാര്യ രണ്ടുമാസമായി പ്രൊഫൈൽ പാസ്സ്‌വേർഡിനായി തൃശൂർ ജില്ലയിലുള്ള SBIയുടെ ബ്രാഞ്ചിൽ ദിവസേന കയറിയിറങ്ങുന്നു.
ഇതേ ആവശ്യവുമായി ധാരാളം പേർ ബാങ്കിൽ എത്തുന്നുണ്ടത്രേ.

ക്യാഷ് ലെസ്സ് എന്നാൽ കറൻസി രഹിതമെന്നല്ല ഇടപാടിൽ കറൻസി കുറച്ച് ഉപയോഗിക്കുക എന്നാണ്. എന്നിരുന്നാലും രാജ്യത്തെ ബാങ്കുകളിലും ATM ഉം കളിലും പണം ഉണ്ടായിരിക്കണം. ക്യാഷ് ലെസിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് 40% വിദേശ മൂലധനമുള്ള ഇ-വാലറ്റ് കമ്പനിയാണ്. ഈ-വാലറ്റ് എന്നുപറഞ്ഞൽ PayTm എന്നായി. പ്രാദേശിക പത്രങ്ങളിൽ വരെ ഒറ്റപ്പേജ് മുൻപേജ് പരസ്യമണ് അവർ നൽകുന്നത്. എല്ലാവരും ഇപ്പോൾ PayTm തന്നെ പ്രീഫെർ ചെയ്യുന്നു കാരണം അതെല്ലായിടത്തും അക്സെപ്റ് ചെയ്യുന്നു എന്നതുകൊണ്ടു തന്നെ. ഭാവിയിൽ ഈ രംഗത്ത് അവരായിരിക്കും കുത്തക. അതു തടയണമെങ്കിൽ റിസേർവ് ബാങ്കിന്റെ ഈവാലറ്റ് ആപ്പ് UPI യുമായി ദേശസാൽകൃത ബാങ്കുകളുടെയും സ്വകാര്യ ബാങ്കുകളുടെയും ആപ്പുമായി ലിങ്ക് ചെയ്‌ത് എല്ലാ ബാങ്കുകളിലെ ആപ്പ് ഉള്ളിടത്തും പരസ്പരം ഉപയോഗിക്കാവുന്ന സംവിധാനം ഒരുക്കണം. അതായത് ഒരു മൊബൈൽ നെറ്റ് വർക്കിൽ നിന്ന് മറ്റൊരു നെറ്റ് വർക്കിലേക്കും ഒരു ബാങ്കിൽ അക്കൗണ്ട് ഉള്ള ഉപഭോക്താവിന് മറ്റൊരു ബാങ്കിന്റെ ATM ൽ നിന്നും ക്യാഷ് എടുക്കാവുന്നതു പോലുള്ള ഒരു സംവിധാനം. ഒരു കാര്യം കൂടി പറയട്ടെ, സൗദിയിൽ കറൻസി പിൻവലിച്ച് പുതിയ നോട്ടുകൾ ഇറക്കുന്നതുപോലെ UAE യിൽ വന്നാൽ ഈയുള്ളവനൊക്കെ മാറ്റിയെടുക്കാൻ 100 ദിർഹംസ് ഉണ്ടായാലായി.

കറൻസി നിരോധനം മൂലം ഉണ്ടായിട്ടുള്ള യഥാർത്ഥ പ്രശ്നങ്ങൾ കേന്ദ്ര സർക്കാർ ശരിയാവണം പഠിച്ച് എത്രയും പെട്ടെന്ന് പരിഹാരം കാണണം. ഇതുമൂലം പൊറുതിമുട്ടിയിരിക്കുന്നത് താഴെക്കിടയിൽ ജോലിചെയ്യുന്ന തൊഴിലാളികളാണ്. അവരുടെ ബുദ്ധിമുട്ടുകൾ തീർക്കാനായിരിക്കണം സർക്കാർ പ്രഥമ പരിഗണന നൽകേണ്ടത്. പാവങ്ങളെ പട്ടിണിക്കിടില്ല എന്ന് ഉറപ്പ് വരുത്തിവേണം നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടത്. അമ്പതു ദിവസം ഇവർ സഹിച്ച ബുദ്ധിമുട്ടുകൾക്ക് ഫലം ഉണ്ടായി എന്ന് അവർക്കു കൂടി ബോധ്യമാവുകയും വേണം.

താഴെ തട്ടുമുതൽ അഴിമതിയിൽ മുങ്ങിക്കുളിച്ചുള്ള സംവിധാനത്തിലാണ് നമ്മുടെ രാജ്യം. അതുകൊണ്ടാണല്ലോ ചീഫ് സെക്രെട്ടറിയുടെ വീട്ടിൽ നിന്നും ആദായനികുതി ഉദ്യോഗസ്ഥന്റെ പക്കൽനിന്നും സർക്കാർ ശിപായിയിയുടെ കൈയിൽ നിന്നുമൊക്ക കോടിക്കണക്കിന് കള്ളപ്പണം പിടിച്ചെടുത്തത്. അഴിമതിയും കൈക്കൂലിയും തടയാനുള്ള ഉദ്യമം വിജയകരമായി നടപ്പിലാക്കണമെങ്കിൽ പൊതുജനത്തിന്റെ സഹകരണനം കൂടി വേണം. സാധാരണ ഗതിയിൽ നിലവിലെ സംവിധാനത്തിൽ പൊതുജനങ്ങൾ മുന്നോട്ട് വരാൻ സാധ്യതയില്ല. പ്രതികാര നടപടികൾ ഭാവിയിലുണ്ടാകും എന്ന ഭയം തന്നെ കാരണം. അതുകൊണ്ടുതന്നെ income tax / enforcement department ൽ whistle blowing പോളിസി നടപ്പാക്കണം. പൊതുജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറിലോ ഈമെയിലിലോ ഇൻഫോർമേഷൻ നൽകാനുള്ള സംവിധാനം ഉണ്ടാകണം. അതിനവരെ പ്രേരിപ്പിക്കാൻ ഭരണാധികാരികളും സാമൂഹിക പ്രവർത്തകരും മുൻപോട്ട് വരണം. ഒരു തരത്തിലല്ലങ്കിൽ മറ്റൊരു തരത്തിൽ നാമൊക്കെ അഴിമതിയുടെ ഭാഗമാകുമ്പോഴും അഴിമതിക്കാരോടുള്ള ധാർമ്മിക രോക്ഷത്തിനൊരു കുറവുമില്ല. അതുകൊണ്ട് തന്നെ സേഫ് ആയ രീതിയിൽ അഴിമതി ചൂണ്ടിക്കാണിക്കാൻ അവസരം നൽകിയാൽ അതവർ ഫലപ്രദമായി ഉപയോഗിക്കും എന്ന് വേണം കരുതാൻ. ചിലപ്പോഴെക്കെ അസൂയകൊണ്ടും.

കറൻസി നിരോധനം വന്നതിനു ശേഷം രാജ്യത്തെ ക്രൈം റിക്കാർഡിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടായിട്ടുണ്ടോ എന്ന് കൂടി പരിശോധിക്കണം. ബാറുകൾ പൂട്ടിയപ്പോൾ അങ്ങനെ ഒരു അവലോകനം നടന്നിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*