നിഴല്‍പ്പൂക്കള്‍ 195……………..Dilip Kumar K

പെണ്ണിന്‍റെയും ആണിന്‍റെയും
അടയാളങ്ങള്‍ പതിഞ്ഞ ശരീരവുമായി
ലിംഗാതീത/തന്‍ ദേവാലയത്തില്‍ എത്തി,

ആണിപ്പാടുകള്‍ പതിഞ്ഞ ശരീരത്തിലെ
ചോരപ്പാടുകണ്ട് പൂജാരി പറഞ്ഞു:
അകത്തു പ്രവേശിക്കരുത്.
എല്ലാം മലിനമാകും.

പിന്നീട് പുരുഷവേഷമണിഞ്ഞ്‌
ദേവനെത്തേടി ചെന്നപ്പോള്‍
വിഗ്രഹത്തിലെ പൂമാലകള്‍
പെട്ടെന്ന് വാടി.
ദേവനാണോ അതോ താനാണോ
കുഴപ്പം ചെയ്യുന്നതെന്നോര്‍ത്ത്
ലിംഗാതീതന്‍ പ്രദക്ഷിണവഴികളിലൂടെ
ഭ്രമണം ചെയ്തു.

അതേ വേഷത്തില്‍
ദേവിയുടെ അരികില്‍ ചെന്നപ്പോള്‍
ശ്രീകോവിലിലെ വാതില്‍ അടഞ്ഞു.
ദീപങ്ങള്‍ അണഞ്ഞു.
എന്താണിങ്ങനെ എന്ന ചോദ്യവുമായി
അമ്പലച്ചുവരുകളില്‍ തൊടാതെ
ലിംഗാതീതന്‍ മടങ്ങിപ്പോയി.

സ്തീവേഷത്തില്‍ ചെന്നപ്പോള്‍
ദേവസാന്നിധ്യത്തില്‍
ലിംഗാതീതയുടെ ഉടയാടകള്‍
അലിഞ്ഞുപോയി.
ചുറ്റുമുണ്ടായിരുന്ന ഭക്തര്‍
അദൃശ്യരായി.
ദേവസന്നിധിയിലെ ഏകാന്തതയില്‍ പരിഭ്രമിച്ച്
ലിംഗാതീത തിരിച്ചുപോയി.

ദേവിക്കരികില്‍ എത്തിയപ്പോള്‍
ലിംഗാതീതയുടെ വസ്ത്രങ്ങള്ക്ക് തീപിടിച്ചു.
അഗ്നിവസ്ത്രങ്ങളോടെ
ലിംഗാതീത പ്രാര്‍ഥിച്ചു.
പൊള്ളലേറ്റ ശരീരവുമായി മടങ്ങി.

നഗ്നയായി സ്വന്തം ശയ്യയിലിരുന്ന്‍
ലിംഗാതീത/തന്‍ ഡയറിക്കുറിപ്പുകള്‍ എഴുതി.
അക്ഷരങ്ങള്‍ തെളിഞ്ഞില്ല.
എങ്കിലും അവള്‍ക്ക്/ അവന്
എല്ലാം വായിക്കാനായി.
ഇനിയൊരു കാലത്തേക്ക്
എന്ന തലക്കെട്ടോടെ
ഡയറിക്കുറിപ്പുകള്‍
അടച്ചുവച്ചശേഷം
അവള്‍/ അവന്‍ നഗരത്തിലേക്കിറങ്ങി.

ഡയറിക്കുള്ളില്‍ അക്ഷരങ്ങള്‍ പെറ്റുപെരുകി.
കാലത്തിലൂടെ
പ്രകാശരശ്മിപോലെ
അത് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*