മോഡേൺ ഡെത്ത് !………………..Syam Syam Varkala

കുഞ്ഞ് കുഞ്ഞ് കുടിലുകൾ പോലെയുണ്ടായിരുന്ന ബാദ്യതകൾ വളരെപ്പെട്ടെന്നാണ് ഫ്ലാറ്റ് സമുച്ഛയം പോലെ വളർന്ന് വലുതായത്..!!
അമ്മ മരിച്ചതോടെ കടം മാത്രമായി അവന് കൂട്ട്…! അമ്മയുടെ ചികിത്സയ്ക്കായി അറിയാവുന്നവരുടെ കൈയ്യിൽ നിന്നെല്ലാം കടം വാങി, അവരൊക്കെ സുഹൃത്തുക്കളും ,പരിചയക്കാരുമായിരുന്നതിനാൽ ബന്ധുക്കളുടെ പുഞ്ചിരി അവനൊരിക്കലും നഷ്ട്ടമായില്ല, ഉയിരില്ലാത്ത ചിരികൾ !…
ആരും ചോദിച്ചില്ല , ഒന്നും….!
അവനാരോടെങ്കിലും എല്ലാം തുറന്ന് പറയണമെന്നുണ്ടായിരുന്നു…അവനവനോട് പറഞ്ഞു മടുക്കുന്നതിനേക്കാൾ വല്ല്യ മടുപ്പില്ല…!

“എനിക്ക്‌ ശരി എന്നു തോന്നുന്നതേ
ഞാൻ ചെയ്യൂ..”…
ഈ വാചകം തെറ്റു ചെയ്യുന്നവനും പറയുന്ന ഒന്നാണ്., അവനും തെറ്റു ചെയ്തിട്ടുണ്ട്, ഒരിക്കൽ ആ തെറ്റിൽ അവനു മാത്രം മനസ്സിലാകുന്ന ശരിയെ കണ്ടെത്തിയിട്ടുണ്ട്..!…അന്ന് അമ്മയുടെ ഓപ്പറേഷനായ് പണം തികയാതെ വന്നപ്പോൾ, ബസ്റ്റാന്റിൽ‌ ഏതു ദിക്കിലേയ്ക്ക് ചുവടുകൾ നീട്ടണമെന്ന് ചിന്തിച്ചു നിന്നപ്പോൾ,…
ഒടുവിൽ മനസ്സിൽ ശൂന്യത നിറഞ്ഞപ്പോൾ,
അമ്മയുടെ ദൈന്യത മുറ്റിയ മുഖം വേട്ടയാടിയപ്പോൾ, ഊറി വന്ന കണ്ണീരിന് പാറയോളം ദൃഡത കൈ വന്നപ്പോൾ…..
….ഒരു നിമിഷത്തെ ചിന്ത,…
ആ ബാഗ് അവൻ കവർന്നു കൊണ്ടോടി,..!
…നിലവിളി, ബഹളം, അവനു പിന്നിലായ് അടുത്തു വരുന്ന കാൽച്ചുവടുകൾ…
ഇടയ്ക്കവൻ കേട്ടു…

“മോനേ അതു കൊണ്ടു പോകല്ലേഡാ…എന്റെ മോളുടെ കല്ല്യാണത്തിന് ചിട്ടി പിടിച്ച കാശാ…”…

ഹൊ..!! ആ മോനേന്നുള്ള വിളി…!
അവർ തെറി വിളിച്ച് പ്രാകിയിരുന്നെങ്കിൽ‌
അവന്റെ അമ്മയുടെ ഓപ്പറേഷൻ നടന്നേനെ..,ഇന്ന് അമ്മയവന്റെ കൂടെയുണ്ടായേനെ ……!
അവന്റെ കാലുകളിൽ നിന്നും വേദന കിതപ്പോടെ പിൻ വാങാൻ തുടങി…..
ബാഗ് ആരോ പിടിച്ചു വാങി…..
ഒരിഞ്ചു പോലും ബാക്കി വയ്ക്കാതെ ആരുടെയൊക്കെയോ കൈകാലുകൾ അവന്റെ ശരീരത്തിൽ ആവേശത്തോടെ ഉഴുതുമറിക്കുന്നുണ്ടായിരുന്നു…!

പോലീസിനോടയാൾ പറയുന്നത് കേട്ടു,…
“ഒന്നും ചെയ്യണ്ട സാറേ ,പരാതിയില്ല,…
ബാഗ് തിരിച്ചു കിട്ടിയല്ലോന്ന്…. “…
സ്റ്റേഷനിൽ വച്ചവൻ പൊട്ടിക്കരഞ്ഞു..
എസ്സ് ഐക്ക് മുന്നിൽ ചോദിക്കാതെ
തന്നെ അവനെല്ലാം പറഞ്ഞു…!
അയാളവനെ മനസ്സിലാക്കി… സമാധാനിപ്പിച്ചു…!…സ്റ്റേഷനിൽ നിന്നും ഹോസ്പിറ്റലിൽ എത്തിയ അവനെ കാത്തിരുന്നത് അമ്മയുടെ എന്നെന്നേയ്ക്കുമായടഞ്ഞ മിഴികളായിരുന്നു…!

“എനിക്ക് ശരിയെന്നു തോന്നുന്നതേ
ഞാൻ ചെയ്യൂ…”….
വീണ്ടും അവന്റെ മനസ്സിൽ ആ
വാക്കുകൾ ഇരമ്പി വന്നു….
അമ്മയ്ക്ക് പിന്നാലെ പോകണമെന്ന
ചിന്ത വെടിഞ്ഞു….അമ്മയ്ക്കായ് അവനെ സഹായിച്ചവരുടെയെല്ലാം ബാദ്യത തീർക്കണം…സ്വസ്ഥമാകണം….!….
….അവൻ മാറുകയായിരുന്നു,
പതിയെ, പതിയെ പോലീസ്സ്റ്റേഷനിൽ മോഷണക്കേസുകൾ പെരുകി….!
അവന്റെ ബാദ്യതകൾ പതിയെ കുറഞ്ഞു കൊണ്ടിരുന്നു….!!!
അവനു മാത്രം മനസ്സിലാകുന്ന ശരികൾ,
ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും,
അതിൽ അവൻ കണ്ടെത്തുന്ന ന്യായങൾ അവനെ മുന്നോട്ടു നയിച്ചു…!!
****
പതിവിലേറെ ക്ഷീണിച്ചാണ് എസ്സ് ഐ വിനോദ് കുമാർ ക്വാർട്ടേഴ്സിലെത്തിയത്…
ഡോർ തുറക്കാൻ തുനിയവേ ഡോറിന്റെ ഹാൻഡിലിലായ് ഒരു സിഡി ഡിസ്ക് വച്ചിരിക്കുന്നത് കണ്ടു…..
അതെടുത്ത് ഡോർ തുറന്ന് അകത്തേയ്ക്ക് നടക്കവേ വനോദ് ചിന്തിച്ചു….
എന്താണിത്..?!!! സി ഡി ഡ്രൈവിലേയ്ക്കിട്ട് പ്ലേ ചെയ്തു….വെബ് ക്യാമിലൂടെ ഉലയുന്ന ഒരു മുഖം…പതിയെ ദൃശ്യം തെളിഞ്ഞു…..
ഒരു ചെറുപ്പക്കാരൻ….എവിടെയോ കണ്ടു മറന്ന മുഖം….!

ചിരിയോടെ ആ മുഖം സംസാരിച്ചു തുടങി.,

” സർ…..എന്നെ ഓർമ്മയുണ്ടോ..?
അന്ന് ആ ബാഗ് മോഷണക്കേസിലെ പ്രതി…
വിവേക്…..!! ഇപ്പോൾ എനിക്കാ പേര് ചേരില്ല″
അവൻ ചിരിച്ചു…..
വിനോദിന് പെട്ടെന്ന് അവനെ ഓർമ്മ വന്നു,
പൊട്ടിക്കരഞ്ഞു നിന്ന അവന്റെ മുഖം, ചില ചാരിറ്റി സംഘടനകളുമായി ബന്ധപ്പെട്ട് അവനെ സഹായിക്കാൻ അയാൾ ശ്രമിച്ചിരുന്നു,..പക്ഷേ ഹോസ്പിറ്റലിൽ അന്വേഷിച്ചപ്പോൾ അവന്റെ അമ്മയുടെ മരണ വാർത്തയാണറിഞ്ഞത്…!
അഡ്രസ്സ് വാങി അവനെ കാണാൻ വീട്ടിലേയ്ക്ക് വന്നെങ്കിലും വീട് പൂട്ടിയിരുന്നു.!

വിവേക് പറഞ്ഞ് തുടങി,
“സാറിനെ എനിക്ക് ഇഷ്ട്ടമാ ,ബഹുമാനമാ
അന്ന് പൊട്ടിക്കരഞ്ഞപ്പോൾ എന്റെ അവസ്ഥ മനസ്സിലാക്കി എന്നെ സമാധാനിപ്പിക്കാനായ് ചുമലിൽ കൈവച്ച സാറിനെ ഞാൻ മറക്കില്ല….!
പക്ഷേ, സാറിനെ പിന്നെയെനിക്ക് ഉപദ്രവിക്കേണ്ടി വന്നു….ഞാൻ അവിവേകത്തിന്റെ പാതയിൽ നടന്നു…
സാറിന്റെ സ്റ്റേഷനിൽ ഞാൻ ചെയ്ത മോഷണക്കേസുകളുടെ ഫയലുകൾ കനം വച്ചു…!!!! ”

വിനോദ് പല്ല് ഞെരിച്ചു കൊണ്ട് ചാടിയെഴുന്നേറ്റു…..

“എനിക്കറിയാം സാറിപ്പോൾ ദേഷ്യം കൊണ്ട് വിറയ്ക്കുകയാകും……
കഴിഞ്ഞു സർ,….ഇനി സാറിന് എന്നെക്കൊണ്ടുള്ള തലവേദനയുണ്ടാകില്ല..!
ഇന്നലെ ഞാൻ എന്റെ ബാദ്യതകളെല്ലാം തീർത്തു സ്വസ്ഥനായി…!
ഇനിയൊരു കള്ളനായി ഞാനിനി ജീവിതം തുടരില്ല…ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് ഞാൻ‌ ആത്മഹത്യ ചെയ്യും !
ഞാൻ ചെയ്ത എല്ലാ മോഷണങളുടേയും തെളിവുകൾ എന്റെ ലാപ് ടോപ്പിലുണ്ട്…!”

“ഞാനിപ്പോൾ മരിക്കേണ്ടവനാണെങ്കിൽ മരിക്കും ….അത് ഞാൻ വിധിക്ക് വിടുന്നു..!
പുതുമയോടെ ജീവിക്കാനോ എനിക്കു കഴിഞ്ഞില്ല, മരിക്കുമ്പോഴെങ്കിലും ഞാനൊന്ന് മോഡേണായിക്കോട്ടെ…!
ഇതെന്റെ കുറ്റസമ്മതം മാത്രമല്ല,ആത്മഹത്യാക്കുറിപ്പായ് കൂടി കാണണം..!!

പതിയെ വെബ് ക്യാം മുകലേയ്ക്ക് …..
അവിടെ ഫാനിൽ കുരുക്കിട്ട കയർ !!!
ആ ദൃശ്യത്തിൽ തെളിയുന്ന “Good bye…”

വിനോദ് ക്ലോക്കിലേയ്ക്ക് നോക്കി,
പതിനൊന്ന് അമ്പത്!!
വിനോദ് ബുള്ളറ്റ് അതി വേഗത്തിൽ പായിച്ചു, വിവേകിന്റെ വീട്ടിലേയ്ക്ക് ഇരുപത് മിന്നിറ്റ് യാത്രയുണ്ടെങ്കിലും അയാൾ പ്രാർത്ഥനയോടെ വണ്ടി പായിച്ചു…!
പ്രതീക്ഷയോടെ……!

..അയാൾ അപ്പോൾ നിയമപാലകനായിരുന്നില്ല…,
വെറും മനുഷ്യൻ…വിവേക് സ്വന്തം കൂടപ്പിറപ്പിനെ പോലെയും….!!
പ്രതീക്ഷയോടെ അയാൾ അവനിലേയ്ക്ക് വേഗം കൂട്ടി…!

Be the first to comment

Leave a Reply

Your email address will not be published.


*