നിയമസഭാ തിരഞ്ഞെടുപ്പ്: കള്ളപ്പണം നിരീക്ഷിയ്ക്കാന്‍ ഉദ്യോഗസ്ഥരുടെ നിര

നോട്ട് നിരോധനത്തിന് ശേഷം നടക്കാനിരിക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിനെ ജാഗ്രതോടെ നേരിടാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരുള്‍പ്പെടെ 400 ഉദ്യോഗസ്ഥരെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിന്യസിയ്ക്കുന്നത്.
തിരഞ്ഞെടുപ്പിന്റെ ചെലവിനായുള്ള 20,000 ന് മുകളിലുള്ള എല്ലാത്തരം പണമിടപാടുകളും ബാങ്ക് വഴിയാക്കണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കാവുന്ന പരമാവധി തുക 20 മുതല്‍ 25 ലക്ഷം വരെ മാത്രമായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ശക്തമാക്കുന്നതിനിടെയാണ് ഈ നടപടികള്‍.ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിനായി 200 നിരീക്ഷകരെ ആദായ നികുതി വകുപ്പ്, ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ്, 150 പേരെ സെന്‍ട്രല്‍ എക്‌സൈസില്‍ നിന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിക്കുക. ഇതിന് പുറമേ 50 ഉദ്യോഗസ്ഥരെ മറ്റ് കേന്ദ്ര സര്‍വ്വീസുകളില്‍ നിന്നുമാണ് വിന്യസിയ്ക്കുക.തിരഞ്ഞെടുപ്പിനിടെ നടക്കുന്ന കള്ളപ്പണത്തിന്റെ വിനിമയം, അനധികൃത പണമിടപാടുകള്‍ എന്നിവ പരിശോധിച്ച് ദില്ലിയിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് വിവരങ്ങള്‍ ബോധിപ്പിക്കുകയാണ് കമ്മീഷന്‍ നിയോഗിക്കുന്ന ഉദ്യോസ്ഥരുടെ ചുമതലകള്‍.തിരഞ്ഞെടുപ്പിന് വേണ്ടി ഒഴുകുന്ന ഫണ്ടുകള്‍, വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിയും പണമായും മറ്റ് വിധേനയും നല്‍കുന്ന കൈക്കൂലി എന്നിവയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ പരിശോധിച്ച് കമ്മീഷനെ അറിയിക്കും.തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ സംശയാസ്പദമായ നിലയില്‍ കണ്ടെത്തുന്ന പണം നിക്ഷേപവും മറ്റ് പണമിടപാടുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*